09:53am 07 November 2026
NEWS
മിലിപോൾ ഖത്തർ പ്രദർശനം ഒക്ടോബർ 20 മുതൽ 22 വരെ DECC-യിൽ
19/10/2026  09:50 AM IST
nila
മിലിപോൾ ഖത്തർ പ്രദർശനം ഒക്ടോബർ 20 മുതൽ 22 വരെ DECC-യിൽ

 


​ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ആഭ്യന്തര സുരക്ഷാ-സേഫ്റ്റി വിഭാഗത്തിലെ ആഗോള പ്രദർശനമായ 'മിലിപോൾ ഖത്തർ 2026'-ന്റെ 16-ാമത് പതിപ്പ് ഒക്ടോബർ 20 ചൊവ്വാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പ്രദർശനം ഒക്ടോബർ 22 വരെ നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള പ്രമുഖ സുരക്ഷാ ഉദ്യോഗസ്ഥരും വിദഗ്ധരും ഈ മേളയിൽ പങ്കെടുക്കും.
​മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് അൽഥാനിയും, മിലിപോൾ നെറ്റ്‌വർക്ക് ഡയറക്ടർ കാരൻ ഗൽസ്റ്റ്യനും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്പോൺസർമാരുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
​പ്രദർശനത്തിനുള്ള ഒരു പൂർണ്ണമായ തയ്യാറെടുപ്പുകൾ കഴിഞ്ഞതായി മേജർ ജനറൽ നാസർ ബിൻ ഫഹദ് അൽഥാനി വ്യക്തമാക്കി. 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന ഈ വർഷത്തെ മേളയിൽ 270-ലധികം പ്രാദേശിക-അന്തർദേശീയ കമ്പനികളും ഏഴ് അന്താരാഷ്ട്ര പവലിയനുകളും പങ്കെടുക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹനശേഖരം പ്രദർശിപ്പിക്കുന്നതിനായി ഒരു ഔട്ട്ഡോർ ഏരിയയും ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും പരിഹാരങ്ങളും മനസ്സിലാക്കാനും, പരസ്പര സഹകരണം ശക്തിപ്പെടുത്താനും ഈ പ്രദർശനം വേദിയാകും.​പ്രദർശനത്തോടനുബന്ധിച്ച് 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ എഐ ആൻഡ് സെക്യൂരിറ്റി'യും നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദർശനത്തിന്റെയും കോൺഫറൻസിന്റെയും വിജയത്തിനായി പിന്തുണ നൽകിയ എല്ലാസ്പോൺസർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
​1996-ൽ ഫ്രാൻസിന് പുറത്ത് ആദ്യമായി മിലിപോൾ പരമ്പര ആരംഭിച്ചതുമുതൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും മിലിപോൾ ഖത്തറും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം മിലിപോൾ നെറ്റ്‌വർക്ക് ഡയറക്ടർ കാരൻ ഗൽസ്റ്റ്യൻ എടുത്തുപറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുടർച്ചയായി പങ്കെടുക്കുന്ന കമ്പനികളെ ആദരിക്കുന്നതിനായി ഈ വർഷം ആദ്യമായി '30-ാം വാർഷിക അവാർഡുകൾ' നൽകി ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img